നിയാമി: ആഫ്രിക്കന്‍ രാജ്യമായ നൈജറിൽ ക്രിസ്ത്യൻ മിഷണറിയെ തട്ടിക്കൊണ്ടുപോയി. ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ മിഷണറിയായ അമേരിക്കൻ പൗരൻ കെവിൻ റൈഡൗട്ടി (50) നെയാണ് ജിഹാദികളെന്നു സംശയിക്കപ്പെടുന്ന മൂന്ന് അജ്ഞാത ആയുധധാരികൾ രാജ്യത്തിന്റെ തലസ്ഥാനമായ നിയാമിയിലെ വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ 21ന് രാത്രിയിലായിരുന്നു സംഭവം.
അമേരിക്ക ആസ്ഥാനമായുള്ള സെർവിംഗ് ഇൻ മിഷൻ ഓർഗനൈസേഷന്റെ ഭാഗമായി 2010 മുതൽ നിയാമിയിൽ മിഷൻ പ്രവർത്തനം നടത്തുന്ന കെവിൻ പൈലറ്റുമാരെ പരിശീലിപ്പിച്ചും വരികയായിരുന്നു. മാലി അതിർത്തിയിലെ തില്ലബെരി മേഖലയിലേക്കാണ് ഇയാളെ തട്ടിക്കൊണ്ടുപോയതെന്നാണ് നിഗമനം. ഇയാളെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് നിയാമിയിലെ അമേരിക്കൻ എംബസി അറിയിച്ചു.
2023 ജൂലൈയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പുറത്താക്കി നടന്ന സൈനിക അട്ടിമറിക്കുശേഷം നൈജറിൽ വിദേശ പൗരന്മാരെ തട്ടിക്കൊണ്ടുപോകുന്നത് ആശങ്കാജനകമായ രീതിയിൽ വർധിച്ചിരിക്കുകയാണ്.
സമീപമാസങ്ങളിൽ ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ള ഗ്രൂപ്പുകൾ ഒരു സ്വിസ് പൗരനെയും ഒരു ഓസ്ട്രിയൻ പൗരനെയും നിരവധി ചൈനീസ്, ഇന്ത്യൻ കോൺട്രാക്ടർമാരെയും തട്ടിക്കൊണ്ടുപോയിരുന്നു.
സുരക്ഷാസഹായത്തിനായി രാജ്യത്തുണ്ടായിരുന്ന യുഎസ്, ഫ്രഞ്ച് സൈനികരെ സൈനിക അട്ടിമറിയെത്തുടർന്ന് പുറത്താക്കുകയും പകരം റഷ്യയിൽനിന്നുള്ള കൂലിപ്പട്ടാളത്തെ നിയോഗിക്കുകയുമായിരുന്നു. ഇതോടെ രാജ്യത്തെ ക്രമസമാധാനനില പാടെ തകർന്നിരിക്കുകയാണ്.